ഇനി മാരക്കാനയില്‍ സ്വപ്ന ഫൈനല്‍; കോപ്പയിൽ ബദ്ധവൈരികൾ നേർക്കുനേർ

ഫുട്ബോൾ ദൈവങ്ങൾക്ക് നന്ദി. കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് കോപ്പയിൽ അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനൽ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനലിൽ കൊളംബിയയെ തകർത്താണ് അർജന്റീന ഫൈനൽ ബർത്ത് ഉറപ്പാക്കിയത്. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ് ടീമിന്റെ ഹീറോയായത്.

ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എന്ന പേരിൽ 1916-ൽ ആരംഭിച്ച ടൂർണമെന്റ് 1975 മുതലാണ് കോപ്പ അമേരിക്ക എന്ന പേരിലേക്ക് മാറുന്നത്. 1916 മുതലുള്ള ചരിത്രമെടുത്താൽ ഇതുവരെ 10 തവണ മാത്രമാണ് ബ്രസീലും അർജന്റീനയും ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 1975-ന് ശേഷം വെറും മൂന്ന് തവണ മാത്രവും. ഷൂട്ട്ഔട്ടിൽ അർജന്റീന മൂന്ന് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.

ഡാവിന്‍സന്‍ സാഞ്ചസ്, യെറി മിന, എഡ്‌വിന്‍ കാര്‍ഡോണാ എന്നിവരുടെ പെനാല്‍റ്റി കിക്കുകള്‍ അര്‍ജന്റീന ഗോള്‍ കീപ്പര്‍ മാര്‍ട്ടിനസ് രക്ഷപ്പെടുത്തുകയായിരുന്നു. അര്‍ജന്റീനക്ക് വേണ്ടി മെസ്സി, പരദെസ്, ലൗറ്റാറോ മാര്‍ട്ടിനസ്, എന്നിവര്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഡി പോളിന്റെ പെനാല്‍റ്റി പുറത്തുപോവുകയായിരുന്നു. കൊളംബിയക്ക് വേണ്ടി ക്വഡാര്‍ഡോ, മിഗെല്‍ ബോര്‍ഹ എന്നിവര്‍ക്ക് മാത്രമാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാനായത്.

നിശ്ചിത സമയത്ത് ഇരു ടീമും ഒരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഏഴാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസാണ് അർജന്റീനയെ മുന്നിലെത്തിച്ചത്. ലോ സെൽസോ ബോക്സിലേക്ക് നൽകിയ ഒരു ത്രൂബോളിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. പന്ത് സ്വീകരിച്ച മെസ്സി ബോക്സിൽ വെച്ച് കൊളംബിയൻ ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് നൽകിയ പാസ് ലൗറ്റാരോ മാർട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനുറച്ചാണ് കൊളംബിയ ഇറങ്ങിയത്. മികച്ച മുന്നേറ്റങ്ങൾ അവരുടെ ഭാഗത്തുനിന്നുമുണ്ടായി. ഒടുവിൽ 61-ാം മിനിറ്റിൽ ലൂയിസ് ഡിയാസിലൂടെ കൊളംബിയ ഗോൾ മടക്കി. എഡ്വിൻ കാർഡോണ നീട്ടിനൽകിയ പന്തിൽ നിന്നായിരുന്നു ലൂയിസ് ഡിയാസ് കൊളംബിയയുടെ സമനില ഗോൾ നേടിയത്. തുടർന്ന് അർജന്റീന എല്ലാം മറന്ന് പോരാടി. 73-ാം മിനിറ്റിൽ അവർക്ക് ഗോൾഡൻ ചാൻസ് കിട്ടുകയും ചെയ്തു.

പക്ഷേ ഗോൾകീപ്പർ ഒസ്പിന സ്ഥാനം തെറ്റിനിന്നത് മുതലാക്കാൻ ഡി മരിയക്കോ ലൗറ്റാരോ മാർട്ടിനെസിനോ സാധിച്ചില്ല. 81-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മെസ്സിയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ തുടർച്ചയായ രണ്ടാം വട്ടവും ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു.