സിനിമയ്ക്ക് അകത്തും പുറത്തും മമ്മൂട്ടി അത്രമാത്രം ചേർത്തുനിർത്തിയ സൗഹൃദം..! പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ മമ്മൂട്ടി എത്തിയപ്പോൾ..

പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഭാര്യ സുല്‍ഫത്തിനൊപ്പം സ്വയം കാറോടിച്ച്‌ മമ്മൂട്ടി കൊച്ചി മാമംഗലത്തെ കാവില്‍ ഹൗസില്‍ എത്തി.വെള്ളിയാഴ്ച രാവിലെ അന്തരിച്ച ഔഷധി ചെയര്‍മാനും കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സറലുമായ കെ ആര്‍ വിശ്വംഭരന്‍ ഐഎഎസിനെ അവസാനമായി കാണാനാണ് മമ്മൂട്ടിയെത്തിയത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു 72 കാരനായ വിശ്വംഭരന്റെ അന്ത്യം. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒന്നരമാസമായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. എറണാകുളം, ആലപ്പുഴ ജില്ലാ കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ലോകോളജിലെ സഹപാഠിയായിരുന്ന മമ്മൂട്ടിയുമായി കെ ആര്‍ വിശ്വംഭരന് അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി മമ്മൂട്ടി വിശ്വംഭരനെ സന്ദര്‍ശിച്ചിരുന്നു.

മമ്മൂട്ടിയെ ‘ടാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. സിനിമയ്ക്ക് അകത്തും പുറത്തും മമ്മൂട്ടി അത്രമാത്രം ചേര്‍ത്തുനിര്‍ത്തിയ സൗഹൃദങ്ങളില്‍ ഏറ്റവും പ്രധാനിയായിരുന്നു ഔഷധി ചെയര്‍മാന്‍ വിശ്വംഭരന്‍.കാവില്‍ ഹൗസില്‍ ഉച്ച കഴിഞ്ഞെത്തിയ മമ്മൂട്ടി പ്രിയ സുഹൃത്തിന്റെ മൃതദേഹം എത്തുന്നതുവരെ അവിടെ ചെലവഴിച്ചു. നിര്‍ധനരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ എത്തിച്ചുനല്‍കുന്ന മമ്മൂട്ടി തുടക്കമിട്ട കെയര്‍ ആന്‍ഡ് ഷെയറിന്റെ ഡയറക്ടമാരില്‍ ഒരാള്‍ കൂടിയായിരുന്നു വിശ്വംഭരന്‍.’ടാ ജിന്‍സെ, എന്റെ കയ്യില്‍ 100 പുത്തന്‍ സ്മാര്‍ട് ഫോണ്‍ കിട്ടി കഴിഞ്ഞു. നീ മമ്മൂട്ടിയെ വിളിച്ചു പറ. ഞാന്‍ പറഞ്ഞാല്‍ അവന്‍ ഞെട്ടില്ല.

നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാന്‍ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്..’- ഇങ്ങനെ പറഞ്ഞ് രണ്ടു നാള്‍ കഴിഞ്ഞാണ് വിശ്വംഭരന്‍ അഡ്മിറ്റ് ആയ വിവരം അറിയുന്നതെന്ന് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട് (ജിന്‍സ്) ഫേസ്ബുകില്‍ കുറിച്ചു.മമ്മൂക്കയെ ‘ടാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാള്‍.. ഞങ്ങളുടെ കെയര്‍ ആന്‍ഡ് ഷെയറിന്റെ ഒരു ഡയറക്ടര്‍!’-എന്നാണ് കെ ആര്‍ വിശ്വംഭരനെ കുറിച്ച്‌ റോബര്‍ട് (ജിന്‍സ്) കുറിച്ചത്.മാവേലിക്കര കുന്നം സ്വദേശിയായ കെ ആര്‍ വിശ്വംഭരന്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി അരനൂറ്റൂണ്ട് മുന്‍പാണ് കൊച്ചിയിലെത്തുന്നത്. പിന്നീട് കൊച്ചിയിലെ കലാ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ സജീവസാന്നിധ്യമായി മാറുകയായിരുന്നു.