രണ്ട് ബെഡ്‌റൂം മാത്രമുള്ള വീട്ടിൽ നിന്നും തുടക്കം; താങ്ങായും കൂട്ടായും നിഴൽ പോലെ ഭാര്യ ! മലയാളികളുടെ അഭിമാനമായ യൂസഫലിയുടെ അറിയാക്കഥകളുമായി മകൾ ഷിഫ!

മലയാളികളുടെ അഭിമാനം വാനോളം ഉയർത്തി മുന്നേറുന്ന മലയാളി വ്യവസായി ആണ് എം എ യൂസഫലി. മികച്ച ഒരു വ്യവസായി പ്രമുഖൻ എന്നതിനുപരിയായി നിരവധി പേരുടെ ജീവിതം തന്നെ മാറ്റി മരിച്ച നല്ല ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് ഇത്രയുമധികം ജനപ്രീതി അദ്ദേഹത്തിന് ഉണ്ടായതും. യൂസഫലി എന്ന വ്യവസായിയെയും മനുഷ്യനെയും മലയാളികൾക്കും ലോകരാജ്യങ്ങൾക്കുമെല്ലാം അറിയാം.

എന്നാൽ യൂസഫലി എന്ന കുടുംബ നാഥനെ കുറിച്ച് മലയാളിയ്ക്ക് എന്താണ് അറിയുന്നത്? എന്നാൽ ആ ചോദ്യം ഇനി ഉണ്ടാകില്ല. കാരണം യൂസഫലി എന്ന ബാപ്പയെയും കുടുംബനാഥനെയും കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിയ്ക്കുകയാണ് യൂസഫലിയുടെ മകൾ ഷിഫാ യുസഫലി. ഒരു അഭിമുഖത്തിനിടയിലാണ് ഷിഫാ തന്റെ ബാപ്പയെ കുറിച്ചും, ആദ്യകാലങ്ങളിൽ എങ്ങനെയാണു തങ്ങൾ ജീവിച്ചിരുന്നത് എന്നുമുള്ള കാര്യങ്ങൾ വ്യക്തമാക്കിയിരിയ്ക്കുന്നത്.

“ബാപ്പയും ഉമ്മയും വീട്ടിലെ ഒരു കാര്യത്തിലും ഒരു പരിധിയും വെച്ചിട്ടില്ല. എല്ലാവരോടും ബഹുമാനത്തോടും കരുണയോടും പെരുമാറുന്ന ബാപ്പയെ ആണ് ഞങ്ങൾ ചെറുപ്പം മുതലേ കണ്ട് വളർന്നത്. ആത്മീയതയും, വിനയവും, സത്യസന്ധതയും എല്ലാ കാര്യത്തിലും പുലർത്തണം എന്നാണ് ബാപ്പ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുള്ളത്. ഒരു കാര്യത്തിൽ മാത്രമാണ് ബാപ്പക്ക് നിർബന്ധം ഉള്ളത്. അത് മക്കൾ എല്ലാവരും മലയാളം പഠിച്ചിരിക്കണം എന്ന കാര്യത്തിലാണ്.

പിന്നെ വീട്ടിലെ എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കണം എന്നതാണ് മറ്റൊരു നിർബന്ധം. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്ന സമയത്താണ് നമ്മൾ മനസ്സ് തുറന്ന് ഒന്ന് സംസാരിക്കുന്നത്. അന്നേ ദിവസത്തെ രസകരമായ സംഭവങ്ങൾ ഓരോരുത്തരും പങ്കുവെക്കും. ബാപ്പയാകട്ടെ ജീവിതത്തിൽ താൻ പരിചയപ്പെട്ട വ്യക്തികളെക്കുറിച്ചും, അവർ നൽകുന്ന സന്ദേശവും, പ്രതിസന്ധി ഘട്ടത്തിൽ എടുത്ത തീരുമാനങ്ങളെ കുറിച്ചും ഒക്കെ നമുക്ക് പറഞ്ഞു തരും.

ബാപ്പയുടെ ആ അനുഭവങ്ങൾ ഞങ്ങളുടെ വ്യക്തിജീവിതത്തിൽ പലപ്പോഴും വലിയ സഹായമായി മാറിയിട്ടുണ്ട്.അതു കൊണ്ടു തന്നെ ഞങ്ങൾ ബിസിനസിലേക്ക് കാലെടുത്തു വെച്ചപ്പോൾ ബാപ്പയുടെ അനുഭവങ്ങൾ ഞങ്ങൾക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്.ചെറുപ്പത്തിൽ വളരെയധികം കഷ്ടപ്പെട്ടിട്ടാണ് ബാപ്പ ഈ നിലയിൽ ഇന്ന് എത്തിയത്. രണ്ട് ബെഡ്‌റൂം മാത്രമുള്ള വീട്ടിൽ നിന്നാണ് ഉപ്പ ഇന്ന് ഇക്കണ്ട ലോകങ്ങളിൽ എല്ലാം അത്യാധുനിക സൗകര്യങ്ങളുള്ള വലിയ വീടുകൾ നിർമ്മിച്ചത്.

ബാപ്പ എല്ലായിപ്പോഴും യാത്രകളും മറ്റുമായി വലിയ തിരക്കിലായിരിക്കും. അതിനിടയിൽ ഞങ്ങളുടെ ജന്മദിനം ഓർത്തു വെക്കാനോ, വിഷ് ചെയ്യാനോ, സമ്മാനങ്ങൾ വാങ്ങി നൽകാനോ ഒക്കെ ബാപ്പ മറക്കും. എന്നാൽ യാത്രകൾ കഴിഞ്ഞു തിരികെ വരുമ്പോൾ നമുക്കായി എന്തെങ്കിലുമൊക്കെ സമ്മാനങ്ങൾ ബാപ്പ എപ്പോഴും കരുതാറുണ്ട്.ഉമ്മയെ പറ്റി പറയുകയാണെങ്കിൽ ബാപ്പയുടെയും ഞങ്ങളുടെയും നിഴലാണ് ഉമ്മ.

എളിമയുടെയും സ്നേഹത്തെയും പര്യായം. ബാപ്പക്ക് ഇപ്പോഴും ടൈ കെട്ടണമെങ്കിൽ പോലും ഉമ്മ വേണം. നമ്മൾ അതിനു കളിയാക്കുമ്പോൾ ഉപ്പ ഉമ്മയെ കെട്ടിപ്പിച്ചുകൊണ്ടു പറയും അവൾ കെട്ടിതന്നാലേ ശെരിയാകൂ എന്ന്. ബാപ്പയുടെ വസ്ത്രങ്ങളൊക്കെ ഇപ്പോഴും കഴുകുന്നത് ഉമ്മയാണ്. ആർഭാട ജീവിതത്തോട് ഒട്ടും താല്പര്യം ഉള്ള ആളല്ല ഉമ്മ. ഞങ്ങളെ എളിമയുള്ളവരാക്കി വളർത്തിയതും പഠിപ്പിച്ചതും ഉമ്മയാണ്.” ഷിഫയുടെ ഈ വാക്കുകൾ ഇതിനോടകം തന്നെ വൈറൽ ആയിരിയ്ക്കുകയാണ്.