നിങ്ങളെ പോലെയാവാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍ ; വിവാഹ വാര്‍ഷിക ദിനത്തില്‍ വാപ്പച്ചിക്കും ഉമ്മയ്ക്കും ആശംസകളുമായി ദുല്‍ഖര്‍

പ്രേഷകരുടെ പ്രിയ താരം മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്റെയും 42-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. മമ്മൂട്ടിയെന്ന നടന്റെ വിജയ പരാജയങ്ങളില്‍ താങ്ങും തണലുമായി സുല്‍ഫത്ത് കൂടെ നടക്കാന്‍ തുടങ്ങിയിട്ട് നാലു പതിറ്റാണ്ട് പിന്നിടുന്നു. 1979 മെയ് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ വാപ്പച്ചിക്കും ഉമ്മയ്ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍.

‘ഉമ്മയ്ക്കും വാപ്പച്ചിക്കും ആശംസകള്‍. ഈ ചിത്രം കഴിഞ്ഞ വര്‍ഷമുള്ളതാണെന്ന് തോന്നുന്നു! നിങ്ങളെ പോലെയാവാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍, ‘ എന്നാണ് ദുല്‍ഖര്‍ കുറിക്കുന്നത്. വീട്ടില്‍ ഇത് ഫെസ്റ്റിവല്‍ വീക്കാണെന്നും ഡിക്യു പറയുന്നു. പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂട്ടിയ്ക്ക് ആശംസയുമായി എത്തിയത്.

ഇന്നലെയായിരുന്നു ദുല്‍ഖറിന്റെ മകളുടെ ജന്മദിനം. മമ്മൂട്ടിയും തന്റെ കൊച്ചുമകള്‍ക്ക് ആശംസകളുമായി എത്തിയിരുന്നു. ‘എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാള്‍’ എന്നായിരുന്നു മമ്മൂട്ടിയുടെ ആശംസ.